Sunday, January 11, 2009

ചങ്ങമ്പുഴയുടെ “എന്റെ കവിത”


അപശ്രുതിയില്‍ ഒരു കവിതചൊല്ലുന്നു. ചങ്ങമ്പുഴയുടെ “എന്റെ കവിത” എന്ന കവിത. ശിശുവിനാല്‍ കഴിയുംവിധം നീതിപുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ കേള്‍വിക്കാരാണല്ലൊ അഭിപ്രായം പറയേണ്ടത്.. അഭിപ്രായം അറിയിക്കുമല്ലൊ!
ബ്രോഡ്ബാന്ഡ് യൂസേഴ്സിന് കവിത ആവശ്യമെങ്കില്‍ ഇവിടെനിന്നും ഡൌണ്‍ലോഡ് ചെയ്യാം!.

“എന്റെ കവിത“



ഡയല്‍ അപ്പ് യൂസേര്‍ഴ്സിനു കവിത ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.. (1.8 MB)സൌണ്ട് ക്വാളിറ്റിയില്‍ വ്യത്യാസമുണ്ടെങ്കിലും സൈസ് കുറവായതിനാല്‍ ഡൌണ്‍ലോഡ് ചെയ്ത് കേള്‍ക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.

For Dial-up Users:


കവിതയുടെ വരികള്‍ :-

എന്റെ കവിത

ഇന്നോളം കാൽച്ചോടൊന്നു പിഴയ്ക്കാതാടിപ്പോന്നൊ-
രെന്നോമൽക്കവിതേ, നിൻ കാൽകളിന്നിടറുന്നോ?
എന്തിന്‌?-കലാബോധം തീണ്ടാത്ത കാലിപ്രായർ
നിൻതാണ്ഡവത്തിൻനേർക്കു നീരസം ഭാവിച്ചിട്ടോ?
അതിലത്ഭുതമില്ല, രാജഹംസത്തിൻ ലീലാ-
സദനത്തിലെ,സ്സുധാസാന്ദ്രമാനസത്തിലെ,
ഹേമപങ്കജമാദ്ധ്വീമാധുരി മാനിക്കുമോ
ചേർമണ്ണിൽജ്ജളൂകങ്ങൾ ചികയും പാഴ്ക്കൊറ്റികൾ?
പാടുവാനവയ്ക്കില്ല പാടവം,മതിമറ-
ന്നാടുവാ,നാകാശത്തിൽ സ്വച്ഛന്ദം വിഹരിക്കാൻ;
വെള്ളിമേഘങ്ങൾക്കിടയ്ക്കുദയപ്രകാശത്തി-
ലുള്ളുണർന്നോമൽച്ചിറകടിച്ചു കൂകിപ്പൊങ്ങാൻ;-
ആയത്തമാക്കാനഭിനന്ദനാർദ്രാശംസക-
ളായവയ്ക്കഖിലേശനേകിയില്ലനുഗ്രഹം!
അതിനാലസൂയതന്നത്യഗാധതയിൽനി-
ന്നുയരാം സ്വയം,വ്യക്തിവിദ്വേഷധൂമാംശങ്ങൾ.
കപടസ്സന്ന്യാസത്തിൻ വെള്ളയാദർശം ചുറ്റി-
ക്കരളിൽക്കറയേന്തി മൗഢ്യമൂർത്തികളായി
മനസ്സാൽ,വാക്കാൽ,കർമ്മശതത്താൽ നിർലജ്ജമീ
മഹിയിൽ 'മഹാത്മാ'ഖ്യയെബ്ബലാൽസംഗം ചെയ്‌വാൻ,
ഉണ്ടാകാം ചിലരെല്ലാം ഗാന്ധിസൂക്തികൾ തങ്ക-
ച്ചെണ്ടിട്ടൊരിക്കാലത്തും കവിതേ, ക്ഷമിക്കൂ നീ!
ഇടയൻ പുല്ലാങ്കുഴൽവിളിക്കെ,ക്കത്തിക്കാളും
ചുടുവെയ്‌ലതേറ്റേറ്റു പൂനിലാവായിപ്പോകെ;
ആയതിൻ തരംഗങ്ങളുമ്മവെച്ചാനന്ദത്താ-
ലാലോലലതാളികൾ മൊട്ടിട്ടു ചിരിക്കവേ;
മയിലാടവേ, മരക്കൊമ്പുകൾതോറും നിന്നു
മലയാനിലൻ മർമ്മരാശംസ വർഷിക്കവേ;
കുറ്റിക്കാടുകൾക്കുള്ളിൽക്കശ്മലസൃഗാലന്മാർ
പറ്റിച്ചേർന്നോ,രിയിട്ടു പുച്ഛിച്ചാൽ ഫലമെന്തേ?
ഇരുളിലുലൂകങ്ങൾ മുഷിഞ്ഞുമൂളീടിലും
സരസം വിണ്ണിൽപ്പൊങ്ങി രാപ്പാടിയെത്തിപ്പാടും.
എന്നോമൽക്കവിതേ, നീയിടറായ്കണുപോലും;
നിന്നെയോമനിക്കുവാൻ കാത്തുനിൽക്കുന്നൂ കാലം.
ഇന്നു നിൻചുറ്റുമപസ്മാരത്തിൻ ഞെരക്കങ്ങൾ
നിന്നിടാം തത്തിത്തത്തി, നാളത്തെ പ്രഭാതത്തിൽ,
അവതൻ നേർത്തു നേർത്ത മാറ്റൊലിപോലും മായു;-
മവമാനിതയായ്‌ നീ മറുകില്ലൊരിക്കലും.
എത്രനാൾ നിഗൂഢമാ നിർലജ്ജപ്രചരണ-
ബുദ്ബുദവ്രാതം നിൽക്കും 'പുഴ'തന്നൊഴുക്കുത്തിൽ?
വിണ്ണിൽവെച്ചീശൻ നിന്നെയഭ്യസിപ്പിച്ചൂ, നീയീ
മന്നിൽ വന്നേവം വീണവായിക്കാൻ, നൃത്തംചെയ്‌വാൻ
ആരോടുമനുവാദം ചോദിച്ചല്ലതിനു നീ-
യാരംഭിച്ചിതു,മിത്രനാളതു തുടർന്നതും.
അതിനാ,ലേതോ ചില കോമാളിവേഷക്കാർ വ-
ന്നരുതെന്നാജ്ഞാപിച്ചാൽക്കൂസുകില്ലെള്ളോളം നീ.
നീയറിഞ്ഞിട്ടില്ലൊട്ടുമിന്നോളം പരാജയം;
നീയവഗണിക്കയേ ചെയ്തിടൂ പരിഹാസം.
ഏതെല്ലാം നെറ്റിത്തടം ചുളുങ്ങിക്കോട്ടേ, നീ നിൻ
സ്വതന്ത്ര്യപ്രകാശത്തിൽ സ്വച്ഛന്ദം നൃത്തം ചെയ്യൂ!
അലിവുള്ളവർ നിന്നെയഭിനന്ദിക്കും, കാലം
വിലവെച്ചീടും നിന്റെ വിശ്വമോഹനനൃത്തം.
നീയൊട്ടുമിടറായ്കെൻ കവിതേ-പറക്കുന്നൂ
നീളെ നിൻ ജയക്കൊടി- തുടരൂ നിൻനൃത്തം നീ!
ഹസ്തതാഡനഘോഷമദ്ധ്യത്തിൽ പതിവാണൊ-
രിത്തിരി കൂക്കംവിളി,യെങ്കിലേ രസമുള്ളൂ.
ഗുരുത്വം കെടുത്തുകില്ലക്കൂട്ടർ: മാഹാത്മാക്കൾ
ധരിപൂ പിതാമഹന്മാരുടെ പാരമ്പര്യം.
മർത്ത്യരാണിന്നെന്നാലുമുത്ഭവമോർമ്മിക്കണ്ടേ?-
മർക്കടങ്ങളെ,യത്ര പെട്ടെന്നു മറക്കാമോ?...

മറ്റുള്ളോർ ചവച്ചിട്ടോരെല്ലുകൾ തക്കം നോക്കി-
ക്കട്ടെടു,ത്തവ കാർന്നു ശൗര്യത്തിൻ ഭാവം കാട്ടി,
ഉല്ലസൽസുധാകരനുയരുംനേരം,കഷ്ട-
മല്ലിലാ ശ്വാനം പാർത്തുനിന്നെത്ര കുരയ്ക്കട്ടേ,
ഫലമെന്തതുകൊണ്ടു?- മേൽക്കുമേൽപ്പൊങ്ങിപ്പര-
ന്നലതല്ലിടും നിജ കീർത്തികൗമുദിയെങ്ങും!
ഇടറാ,യ്കിടറായ്കെൻ കവിതേ,സവിലാസ-
നടനം തുടരൂ നീ, വിശ്വമോഹിനിയായി!

-17-08-1941.

Labels: ,

12 Comments:

Blogger ശിശു said...

അപശ്രുതിയില്‍ ഒരു കവിതചൊല്ലുന്നു. ചങ്ങമ്പുഴയുടെ “എന്റെ കവിത” എന്ന കവിത. ശിശുവിനാല്‍ കഴിയുംവിധം നീതിപുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ കേള്‍വിക്കാരാണല്ലൊ അഭിപ്രായം പറയേണ്ടത്.. അഭിപ്രായം അറിയിക്കുമല്ലൊ!

January 11, 2009 at 10:38 PM  
Blogger ശ്രീ said...

ഡൌണ്‍‌ലോഡ് ചെയ്തെടുക്കുന്നു, മാഷേ. ആശംസകള്‍!

January 11, 2009 at 11:05 PM  
Blogger Unknown said...

santhosham. aashamsakal

January 11, 2009 at 11:46 PM  
Blogger ബഹുവ്രീഹി said...

macchaan

kavitha kettu.. nannayittund aalapanam..

inganeyokke undaayi ennath puthiya arivaan...

:)

savilaasa nadanam thudaroo

January 12, 2009 at 12:02 AM  
Blogger [ nardnahc hsemus ] said...

എനിയ്ക്കാ കവിത വായിച്ചൊട്ടൊന്നും മനസ്സിലായില്ല.. ശിശുവിനു മനസ്സിലായിട്ടായിരിയ്ക്കുമല്ലോ അതിവിടെ പാടി പോസ്റ്റിയത്, അതിനാല്‍ അഭിനന്ദനങ്ങള്‍!

ആദ്യപകുതിയേക്കാള്‍ അവസാന പകുതിയാണ് നന്നായി തോന്നിയത്..

(വാവടുക്കുമ്പോള്‍ സഹിയ്ക്കവയ്യാതെ പാടി പോസ്റ്റുന്നതാണോ? അല്ല, പോസ്റ്റുകളുടേ ദൈര്‍ഘ്യം കണ്ടു ചോദിച്ചതാ... :) )

January 12, 2009 at 1:27 AM  
Blogger KUTTAN GOPURATHINKAL said...

ഹോ, എന്റെ സുരേഷ്..
ആലാപനത്തിന് വേണ്ട ശിക്ഷണങ്ങള്‍ കിട്ടാത്തതിനാലാവാം, സാങ്കേതികമായി ഇതൊരു നല്ല റെന്‍ഡറിങ്ങ് അല്ല.പക്ഷേ, ആ ശബ്ദത്തിലുള്‍ക്കൊണ്ടിരിയ്ക്കുന്ന ആത്മാര്‍ത്ഥത അഭിനന്ദാര്‍ഹം തന്നെ, സംശയമില്ല. ഒരു തംബുരുവിന്റെ അകമ്പടിയുണ്ടായിരുന്നെങ്കില്‍ എന്നാശിച്ചു പോയി..

January 12, 2009 at 9:04 AM  
Blogger മാണിക്യം said...

കവിത ആലാപനം നന്നായിരിക്കുന്നു.

“....ആകാശത്തിൽ സ്വച്ഛന്ദം വിഹരിക്കാൻ;
വെള്ളിമേഘങ്ങൾക്കിടയ്ക്കുദയ പ്രകാശത്തി-
ലുള്ളുണർന്നോമൽച്ചിറകടിച്ചു കൂകിപ്പൊങ്ങാൻ..”
ചങ്ങമ്പുഴ യാത്രയായി..
കവിതേ,സവിലാസ-
നടനം തുടരൂ നീ,
വിശ്വമോഹിനിയായി”

January 12, 2009 at 1:30 PM  
Blogger Kiranz..!! said...

ആഹാ..കൊള്ളാം ശിശുക്കുഞ്ഞേ.നന്നായിരിക്കുന്നു.

ഓഫ് :- ആ ഇലകൊത്തിക്കൊണ്ടു വരുന്ന ജീവിയെ..കൊല്ല്ലവനെ..!!(വാവടുത്തു പോലും :)

January 12, 2009 at 6:54 PM  
Blogger [ nardnahc hsemus ] said...

ആദ്യപകുതിയേക്കാള്‍ അവസാന പകുതിയാണ് നന്നായി തോന്നിയത്..എന്നത്

അവസാന പകുതിയേക്കാള്‍ ആദ്യപകുതിയാണ് നന്നായി തോന്നിയത്.. എന്ന് തിരുത്തി വായിയ്ക്കാനപേക്ഷ ..

ബാക്കിയെല്ലാം അതേ പോലെ.. എങ്കിലും തന്റെ നാവിനെ സമ്മതിച്ചിരിയ്ക്കുന്നു... ഞാനും ഇന്നു മുതന്‍ നാവു വടിച്ചു തുടങ്ങും!!

January 12, 2009 at 10:23 PM  
Blogger വേണു venu said...

സുരേഷേ, ആലാപനം നന്നായി എന്നല്ലാതെ കൂടുതല്‍ എഴുതാന്‍ കഴിയുന്നില്ല. കുട്ടന്‍ ഗോപുരത്തില്‍ എഴുതിയ പോലെ, കവിതയുടെ ദൈര്‍ഘ്യവും ഒരു ചെറിയ അകമ്പടിയുടെ അഭാവവും, സുരേഷിന്‍റെ ശബ്ദ സുഖം അറിയാവുന്ന ഒരാള്‍ എന്നതിനാല്‍ എനിക്ക് അലോസരമായി തോന്നി. ഒരു പക്ഷേ ഇതിലും നല്ല പാട്ടുകള്‍ സുരേഷെന്നെ കേള്‍പ്പിച്ചതിനാലാകും.
ഇതിന്‍റെ പിന്നിലെ അര്‍പ്പണവും സമയം കണ്ടെത്തുന്ന വിലയേറിയ കാഴ്ചപ്പാടും നന്നായി മനസ്സിലാക്കുന്നു.
തുടരുക.ആശംസകള്‍.:) ‍

January 12, 2009 at 11:31 PM  
Blogger ഷിജു said...

മാഷേ കഴിഞ്ഞതവണ യഹൂദിയായിലെ എന്ന ഗാനം കേട്ടിരുന്നു.
ഇപ്പോ ഈ കവിതയും മനോഹരമാക്കി. എങ്കിലും എന്റെ ഒരു ചെറിയ അഭിപ്രായം ഒന്നു പറഞ്ഞോട്ടെ, ആദ്യത്തെ അവതരണത്തിനു അല്‍പ്പം സ്പീഡ് ആയിപ്പോയി, കവിത ചൊല്ലിയതുപോലെ അല്‍പ്പം നിര്‍ത്തി നിര്‍ത്തി പറഞ്ഞിരുന്നെങ്കില്‍ ഇതിലും നന്നായേനേ.
എന്തായാലും അഭിനന്ദനങ്ങള്‍......

January 13, 2009 at 2:47 AM  
Blogger G. Nisikanth (നിശി) said...

NANNAAYIRIKKUNNU KAVITHALAPANAM...

AASAMSAKALOTE....

February 11, 2009 at 5:19 AM  

Post a Comment

Subscribe to Post Comments [Atom]

<< Home